Articles Cover Story Details

ലിപ്സ്റ്റിക്കിടും പൊട്ടുതൊടും 'നിങ്ങൾ പറഞ്ഞുകൊള്ളൂ, പക്ഷേ വീ ഡോണ്ട് കെയർ'

calender 31-05-2025

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൺമുന്നിൽ അച്ഛനെ നഷ്ടമായ ആരതി രാമചന്ദ്രൻ പറയുന്നു:

 

‘പഹൽഗാം അനുഭവം എന്റെ ജീവിത കാഴ്‌ചപ്പാടിനെ ആകെ മാറ്റിത്തീർത്തു. നമ്മൾ എത്ര സമാധാനത്തിലാണ് നാട്ടിൽ ജീവിക്കുന്നത്. നമ്മളെപ്പോലെ ഭർത്താവും കുഞ്ഞുങ്ങളും സഹോദരങ്ങളുമുള്ള മനുഷ്യർ ഏതു നിമിഷവും ഒരു വെടിയൊച്ചയിൽ പൊലിഞ്ഞു പോകുമോ എന്നു ഭയപ്പെട്ടും ആ ഭയത്തെ നേരിട്ടുമാണ് ജീവിക്കുന്നത്. ആ അവസ്ഥ മാറണം. തീവ്ര വാദത്തിന് അറുതി വരണം.

മാധ്യമങ്ങളുടെ മുന്നിൽ ലിപ്സ്റ്റിക്ക് ധരിച്ചു വന്നതിനും കണ്ണുനീരൊഴുക്കാത്തതിനും വിമർശനം നേരിടുന്നുണ്ടെന്നു ഞാനറിയുന്നത് അൽപം വൈകിയാണ്. ഒരാളുടെ സങ്കടം കാഴ്‌ചയുടെ അടിസ്ഥാനത്തിൽ അളക്കാൻ കഴിയുന്നതെങ്ങനെയാണ്? എൻ്റെ സങ്കടം എനിക്കാരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല'

'ഞാനും അമ്മയും അമ്മയുടെ സഹോദരിമാരുമെല്ലാം സ്ഥിരമായി ലിപ്സ്റ്റിക്ക് അണിയുന്നവരാണ്. നന്നായി വസ്ത്രം ധരിച്ചും ഒരുങ്ങിയും മാത്രമേ ഞങ്ങൾ പുറത്തിറങ്ങാറുമുള്ളു. എങ്ങനെ മറ്റുള്ളവർക്കു മുന്നിൽ വരണം എന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ്.

അച്ഛൻ ഇല്ല എന്നതുകൊണ്ട് നാളെ മുതൽ അമ്മ പൊട്ടു തൊടാതെ ഇളംനിറങ്ങൾ മാത്രം ധരിച്ചു നടക്കുകയില്ല. അച്ഛനോടുള്ള ഞങ്ങളുടെ സ്നേഹം സ്വന്തം അളവുകോൽ കൊണ്ട് അളക്കാൻ വരുന്നവരോട് ഒന്നേ പറയാനുള്ളൂ: 'നിങ്ങൾ പറഞ്ഞുകൊള്ളൂ. പക്ഷേ വീ ഡോണ്ട് കെയർ'.

പഹൽഗാമിലെ ആ നടുക്കുന്ന ഓർമകളിൽ ആരതി പങ്കിടുന്ന മറ്റു ചില അനുഭവങ്ങൾ ഇങ്ങനെ:

'ഇതുവരെ എല്ലാറ്റിനും എൻ്റെ കൈപിടിച്ച് അച്ഛനുണ്ടായിരുന്നു. ഇന്നു ഞാനൊറ്റയ്ക്ക് തീവ്രാനുഭവങ്ങളുടെ നടുവിലാണ്. അച്ഛൻ പഠിപ്പിച്ചുതന്നതുപോലെ ഹൃദയം നുറുങ്ങുമ്പോഴും കരയാതെ പിടിച്ചുനിൽക്കുന്നു. അമ്മയ്ക്കു മുന്നിൽ, മാധ്യമങ്ങൾക്കുമുന്നിൽ, അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ. അച്ഛനിതെല്ലാം കാണുന്നുണ്ടായിരിക്കും.

ദുബായിൽനിന്ന് ഞാൻ വരാൻ തീരുമാനിച്ചതിനൊപ്പം തന്നെ അച്ഛൻ കശ്‌മീർ യാത്രയ്ക്കു വേണ്ട ഒരുക്കങ്ങൾ ചെയ്‌തു. മുൻപ്
കശ്മീർ പോയിവന്ന സുഹൃത്താണ് മുസാഫിറിന്റെ നമ്പർ തരുന്നത്.

ഏപ്രിൽ 21ന് കാലത്തു യാത്ര തിരിച്ചു. വൈകുന്നേരം ശ്രീനഗറിലെത്തുമ്പോൾ മുസാഫിർ കാത്തുനിന്നിരുന്നു. മുസാഫിറാണ് താമസസൗകര്യവും ശരിയാക്കിയത്. ചെക്ക് ഇൻ ചെയ്‌തശേഷം തൊട്ടടുത്തുള്ള മാർക്കറ്റിൽ ഷോപ്പിങ്ങിനു പോയി. പിറ്റേന്നു കാലത്ത് ഗുൽമാർഗിലേക്ക് പോകാൻ ടിക്കറ്റ് കിട്ടാതെ വന്നപ്പോഴാണു യാത്ര പഹൽഗാമിലേക്ക് മാറ്റുന്നത്. മുസാഫിറിന്റെ കാറിൽ വഴിനീളെ ആപ്പിൾ തോട്ടങ്ങളും കുങ്കുമപ്പാടങ്ങളും പ്രകൃതിസുന്ദരമായ സ്ഥലങ്ങളും കണ്ടാണ് യാത്ര തുടർന്നത്. വഴിയിൽ പുൽവാമ ആക്രമണം നടന്ന സ്ഥലം മുസാഫിർ കാണിച്ചുതന്നു.

ബൈസരൻ വാലിയിലെ പുൽമേടുകൾ കാണാൻ ഒന്നിച്ചാണ് പോയതെങ്കിലും ഡിസ്ക്‌ക് പ്രൊലാപ്‌സ് ഉള്ളതിനാൽ നിരപ്പല്ലാത്ത വഴിയിലുടെയുള്ള കുതിര സവാരി വേണ്ടെന്നു വച്ച് അമ്മ കാറിലേക്കു തിരികെ പോയി.

കുതിരസവാരി ചെയ്‌ത് കുന്നിനു മുകളിലെത്തിയ ഇടത്താണ് ആക്രമണമുണ്ടായത്. തലയിൽ വെടിയേറ്റു വീണ അച്ഛനെ കെട്ടിപ്പിടിച്ച് അലറിക്കരയുകയാണ് ഞാനാദ്യം ചെയ്‌തത്. എൻ്റെ തലയിലും തോക്ക് അമർത്തിയെങ്കിലും നിറയൊഴിക്കാതെ അവർ അകന്നുപോയി. കുട്ടികൾ കരയുന്നതു കണ്ടപ്പോഴാണ് അവരെ രക്ഷിക്കണം എന്ന ബോധം ഉണർന്നത്. അച്ഛൻ ഇനിയില്ല എന്നെനിക്ക് ഉറപ്പായിരുന്നു. അച്ഛനെയുമെടുത്ത് ഓടാൻ എനിക്ക് സാധിക്കുകയുമില്ല.

അച്ഛന്റെ പോക്കറ്റിൽ തിരിച്ചറിയൽ രേഖ വച്ചശേഷം കുഞ്ഞുങ്ങളെയും കൂട്ടി മുന്നോട്ടോടി. അമ്മയുള്ളിടത്തോളം നിങ്ങളെ ആരും ഒന്നും ചെയ്യില്ലെന്ന് അവരെ ധൈര്യപ്പെടുത്തി, ചെന്നെത്തിപ്പെട്ട സംഘത്തിനൊപ്പം മുന്നോട്ടുനീങ്ങി. 'സീഥേ ജാവോ, സീഥേ ജാവോ' എന്നവർ പറയുന്നുണ്ട്. കൊണ്ടുപോകുന്നത് അപകടത്തിലേക്കാണോ? തീവ്രവാദികളുടെ ആളുകളാണോ അവർ? ഒന്നുമറിയില്ല. മുന്നോട്ട് പോകുകയല്ലാതെ മറ്റൊരു മാർഗമില്ല.

ഏറെ ദൂരം ചെന്നശേഷമാണ് ഫോണിന് റേഞ്ച് കിട്ടിയത്. ഉടനടി മുസാഫിറിനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു അച്ഛൻ മരിച്ച വിവരം അമ്മയെ അറിയിക്കരുതെന്നും. ഞങ്ങൾ നിന്ന സ്ഥലത്തേക്ക് മുസാഫിർ പാഞ്ഞെത്തി. അമ്മയോടു പുറത്തേക്കിറങ്ങരുതെന്ന് നിർദേശിച്ച ശേഷം ഇറങ്ങിയോടി എൻന്റെയടുത്തെത്തിയ മുസാഫിറിനെ കെട്ടിപ്പിടിച്ച് അച്ഛൻ മരിച്ചുപോയെന്നു പറഞ്ഞു ഞാൻ കരഞ്ഞു. സഹോദരനെപ്പോലെ അയാൾ എന്നെ ആശ്വസിപ്പിച്ചു. പിന്നീടുള്ള കാര്യങ്ങളിൽ മുസാഫിറിനൊപ്പം അദ്ദേഹത്തിൻ്റെ പരിചയക്കാരനായ സമിറും വന്നു.

"കശ്മീരിന്റെ മണ്ണിൽ കൺമുന്നിലാണ് അച്ഛൻ പിടഞ്ഞുവീണത്. നികത്താനാകാത്ത ആ നഷ്ടത്തിനു പകരമല്ല ഒന്നും. എന്നാൽ, അതേ മണ്ണ് എനിക്ക് രണ്ടു കുടപ്പിറപ്പുകളെ നൽകി-മുസാഫിറും, സമീറും. കാശ്മിരിൽ എനിക്ക് കിട്ടിയ രണ്ടു സഹോരങ്ങളാണവർ. അനിയത്തിയെപോലെയാണ് അവർ എന്നെ കൊണ്ടുനടന്നത്. അള്ളാ അവരെ രക്ഷിക്കട്ടെ’’.

പരുക്കേറ്റു ബോധരഹിതനായി ആശുപത്രിയിലായതിനാൽ അച്ഛനു പതുക്കെയേ വരാനാകു എന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് അമ്മയെ തിരികെ കൊണ്ടുവന്നത്. ഞങ്ങൾ സീറ്റിലിരിക്കുമ്പോൾ താഴെ കാർഗോയിൽ പെട്ടിയിലടയ്ക്കപ്പെട്ട് അച്ഛനും വരുന്നുണ്ടെന്ന സത്യം മനസ്സിൽ കിടന്നു വിങ്ങുകയായിരുന്നു.

Share